കേരളം പിന്നോക്കമെന്ന് പ്രഖ്യാപിക്കണമെന്ന പ്രസ്താവന: മലക്കം മറിഞ്ഞ് ജോർജ് കുര്യൻ; മുൻ പ്രസ്താവനയിൽ വിശദീകരണം
ദില്ലി: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രതികരണത്തിൽ, മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കൂടുതൽ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോർജ് കുര്യൻ ദില്ലിയിൽ വാർത്താ ഏജൻസിയോട് പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു പ്രതികരണം. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നാണ് ഇതിനോടുള്ള പ്രതികരണത്തിൽ ജോർജ് കുര്യൻ പറഞ്ഞക്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന് പറയട്ടെ, അപ്പോൾ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. എയിംസ് ബജറ്റിലല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ ദില്ലിയിൽ പറഞ്ഞിരുന്നു.