സമയോചിതമായ പ്രവർത്തനം വൻ ദുരന്തം ഒഴിവാക്കി…
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിനു സമീപം ട്രാവലറിന് തീപിടിച്ച സംഭവത്തിൽ സമയോചിതമായി പെട്രോൾ പമ്പിലെ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വൻ അപകടം ഒഴിവാക്കിയത് ഓടൻതോട് സ്വദേശി ആറുമാക്കൽ ജിനിൽ. മഹീന്ദ്ര ഫൈനാൻസിലെ ജീവനക്കാരനായ ഈ മുൻ സൈനികൻ്റെ സമയോചിതമായ ഇടപെടലാണ് നാടിനെ വൻ വിപത്തിൽ നിന്നും രക്ഷിച്ചത്.
കേവലം 25 മീറ്റർ ദൂരം മാത്രമായിരുന്നു പെട്രോൾ പമ്പിൽ നിന്നുള്ള അകലം. ട്രാവലറിന് തൊട്ടു പുറകിൽ കാറിൽ സഞ്ചരിക്കുകയായിരുന്നു ജിനിൽ. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപേയായിരുന്നു ജിനിലിന്റെ രക്ഷാ പ്രവർത്തനം.
ഓടിക്കൊണ്ടിരുന്ന ട്രാവലറിനുള്ളിൽ തീ പിടിച്ചതിനെത്തുടർന്ന് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ട്രാവലർ പെട്രോൾ പമ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഷീറ്റുകൊണ്ടുള്ള മതിലിൽ ഇടിച്ച് നില്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.