Kerala

സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം ഡിസ്പ്ലേ തകരാര്‍; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ ലൈന്‍ പ്രത്യക്ഷപ്പെടുകയും ഡിസ്പ്ലേ അവ്യക്തമാകുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എംആര്‍ ഹരിരാജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.


2021 ഡിസംബറിലാണ് പരാതിക്കാരന്‍ 43,999 രൂപ വിലയുള്ള വണ്‍പ്ലസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 2023 ജൂലൈയില്‍ ഓട്ടോമാറ്റിക് സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന്‍ നടന്നപ്പോള്‍ സ്‌ക്രീനില്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഉപയോക്താവ് അംഗീകൃത സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ സ്‌ക്രീന്‍ സൗജന്യമായി മാറിത്തരാമെന്നും ഇപ്പോള്‍ ലഭ്യമല്ലെന്നും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.




പിന്നീട് നിരന്തരം സര്‍വീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോള്‍ 19,000 രൂപയ്ക്ക് തിരിച്ചെടുക്കുകയോ ഡിസ്പ്ലേ ഓര്‍ഡര്‍ ചെയ്തത് വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് അറിയിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും മറ്റൊരു ഗ്രീന്‍ ലൈന്‍ കൂടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉപയോക്താവ് സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന്‍ സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മാണവേളയിലുണ്ടായ പ്രശ്നം ഫോണിന് ഉണ്ടായി എന്ന നിഗമനത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.


ഭാവി അപ്‌ഡേറ്റുകളെ പരിഗണിക്കാത്ത ഫോണ്‍ നിര്‍മാണമാണ് ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമായതെന്നും അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കുന്നതിനു ഒരു നടപടിയും എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതും സേവനത്തിലെ ന്യൂനതയാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999 രൂപ തിരികെ നല്‍കുന്നതിനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളില്‍ 35,000 രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികളായ വണ്‍പ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ജിഷ ജി രാജ് ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button