
ആറളം: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടുന്നയാളെ ആറളം പോലീസ് പിടികൂടി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ താമസിച്ച് അവിടെയുള്ള ആളുകളുമായി സൗഹൃദം സ്ഥാപിച്ച് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി മുങ്ങുന്ന ഇരിങ്ങാലക്കുട മുട്ടത്ത് ഹൗസിൽ സുനിൽ ജോസാണ് പോലീസിന്റെ പിടിയിലായത്. ചെടിക്കുളം സ്വദേശിക്ക് യുകെയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് സുനിൽ ജോസിനെ അറസ്റ്റ് ചെയ്യുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊരട്ടി,പാലാ,കൊടകര,പുൽപ്പള്ളി,കരിക്കോട്ടക്കരി,മാള തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സമാനമായ തട്ടിപ്പുകളിൽ കേസ് ഉള്ളതായി മനസ്സിലാവുകയായിരുന്നു. നിരവധി സിമ്മുകൾ ഉപയോഗിക്കുന്ന ഇയാൾ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. ഇത് ഇയാളെ പിടികൂടുന്നതിൽ പോലീസിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ആറളം എസ് എച്ച് ഓ ആൻഡ്രിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തൃശ്ശൂരിൽ എത്തി അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം പെൺ സുഹൃത്തുമൊത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ആഡംബര ജീവിതം നയിക്കുന്നതിനാണ് ഇയാൾ ഉപയോഗിച്ചത്.



