കേരളത്തിലെ വന്ദേഭാരതിൽ ഇനി സീറ്റ് കിട്ടാതിരിക്കില്ല; വരുന്നു 20 കോച്ചുകളുള്ള ട്രെയിൻ; അടിമുടി മാറ്റത്തിന് ഒരുങ്ങി റെയിൽവെ
തിരുവനന്തപുരം: സംസ്ഥാനത്ത് 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഉടൻ എത്തും. ആലപ്പുഴ വഴിയൊടുന്ന തിരുവനന്തപുരം-മം ഗളൂരു വന്ദേഭാരതിന് പകരമായാണ് പുതിയ ട്രെയിൻ വരുന്നത്. നിലവിൽ ഇതിന് എട്ട് കോച്ചുകളാണ് ഉള്ളത്. 20 റേക്കിലേക്ക് മാറിയാൽ 1246 സീറ്റുകളാണ് അധികം ലഭിക്കുക.
രാജ്യത്ത് തന്നെ ഒക്യുപ്പെൻസി ഏറ്റവും കൂടുതലുള്ള ട്രെയിനാണ് തുരുവനന്തപുരം-മംഗളൂരു വന്ദേഭാരത്( 20631). 474 സീറ്റാണ് ഇതിൽ ഉള്ളത്. എല്ലാദിവസവും മുഴുവൻ യാത്രക്കാരുമായാണ് ഓടുന്നത്. കയറിയും ഇറങ്ങിയും 100 സീറ്റിൽ 200 യാത്രക്കാർ വരെ യാത്ര ചെയ്യുന്നുണ്ട്. അതുപോലെ തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും എപ്പോഴും യാത്രക്കാരുമായ സർവ്വീസ് നടത്തുന്നത്. റെയിൽവേ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് 100 ശതമാനം ഒക്യുപ്പെൻസിയുള്ള 17 വണ്ടികളിൽ ഒന്നാമതാണിത്.
20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെയാണ് റെയിൽവേ പുറത്തിറക്കിയത്. ചെന്നൈ ഇന്റ ഗ്രൽ ഫാക്ടറിയിൽ നിർമിച്ച രണ്ട് വന്ദേഭാരതുകൾ കഴിഞ്ഞ ദിവസം റെയിൽവേയ്ക്ക് ലഭിച്ചു. ഇതിൽ ഒന്നാണ് കേരളത്തിൽ എത്തുക. മറ്റൊന്ന് തിരുനെൽവേലി-ചെന്നെ റൂട്ടിൽ ഓടിക്കാനാണ് സാധ്യത. നിലവിൽ ഓടുന്ന എട്ട് റേക്കുള്ള സെമി ഹൈസ്‌പീഡ് ട്രെയിൻ തിരക്ക് കുറഞ്ഞ മറ്റൊരു റൂട്ടിലേക്ക് മാറ്റുകയും ചെയ്യും.
കൂടുതൽ കോച്ചുകളുള്ള വന്ദേഭാരത് ഇറക്കുന്നതോടെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാകും. ഒപ്പം മെച്ചപ്പെട്ട വരുമാനവും ലഭിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.