കുറുവാ ഭീതി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു, നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

കൊച്ചി: കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെൽവന്‍റെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിന്‍റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മണികണ്ഠന്‍റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയിൽ മോഷണം നടന്ന ഒക്ടോബർ 21 മുതൽ നവംബർ 14 വരെ മണികണ്ഠൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ദിവസങ്ങളിൽ മണികണ്ഠൻ തമിഴ്നാട്ടിൽ ആയിരുന്നു. പുന്നപ്രയിൽ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാൽ മോഷണങ്ങൾക്ക് ഇയാൾ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.



