!-- afp header code starts here -->
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ആഗസ്റ്റ് ഏഴ് വരെ പേരുചേർക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ആഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാൻ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാം. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിന് ഫോറം നാല്, അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോം ആറ്, സ്ഥാനമാറ്റം വരുത്തുന്നതിന് ഫോം ഏഴ് എന്നിവയാണ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ് സൈറ്റിൽനിന്ന് ഉപയോഗിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ചുകഴിഞ്ഞാൽ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ഫോം അഞ്ച് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ അല്ലാതെ നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇആർഒ) നേരിട്ടും അപേക്ഷ സമർപ്പിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇആർഒ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇആർഒ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയ്യതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button