GULF

റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം; നിയമ സഹായ സമിതി ആശങ്കയിൽ, ഇന്ന് യോ​ഗം

റിയാദ്: സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. നിയമസഹായ സമിതിയെ സംശയ നിഴലിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന തോന്നൽ സമിതിക്കുണ്ട്. കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ തുടർന്നുള്ള പരിപാടികൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിയമസഹായ സമിതി വ്യക്തമാക്കി. ഈ വരുന്ന 17 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റഹീം പ്രതികരിച്ചു. ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. എന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ വന്നിരുന്നു. ജയിൽ അധികൃതർ കാണാൻ അവസരം ഒരുക്കിയെങ്കിലും തന്‍റെ മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു.

18 വർഷമായി ഞാൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വെച്ച് ജയിൽ യൂനിഫോമിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എന്‍റെറ നിലവിലെ രൂപം കണ്ടിട്ടിട്ടില്ല. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്‍റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ജയിലിൽ ഉമ്മയെ കാണുമ്പോൾ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും. പ്രായം ചെന്ന ഉമ്മക്കും രക്തമ്മർദം ഉൾപ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും.

അത് വേണ്ട എന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവിൽ ഉമ്മയുടെ നിർബന്ധം കൊണ്ട് ഞാൻ വീഡിയോ കോളിൽ കണ്ടു. അത് പോലും എനിക്ക് മനസിക പ്രയാസമുണ്ടാക്കി. ബി.പി കൂടാനും മറ്റ് പ്രയാസങ്ങൾക്കും അത് കാരണമായി. ഉമ്മയുമായുള്ള കൂടിക്കാഴ്ച നടക്കാത്തതിൽ ഒരാൾക്കും പങ്കില്ല -റഹീം സുഹൃത്തുക്കളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button