kannur

തെളിവുനശിപ്പിക്കൽ: പൊലീസിനെതിരെ കുടുംബം‌

കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞ നിമിഷം മുതൽ തെളിവുനശിപ്പിക്കാൻ പൊലീസ് ശ്രമിച്ചതായി ആരോപണം. എഡിഎമ്മിനെ കാണാനില്ലെന്ന വിവരമറിഞ്ഞ് 15നു രാവിലെ ഏഴേകാലോടെ ഡ്രൈവർ ഷംസുദ്ദീനും കലക്ടറുടെ ഗൺമാനുമാണ് ക്വാർട്ടേഴ്സിൽ ആദ്യമെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് ഉടൻ പൊലീസ് സംഘം എത്തിയെങ്കിലും ഇതിനു പിന്നാലെ അവിടേക്കെത്തിയ ജനപ്രതിനിധികളെയോ രാഷ്ട്രീയപാർട്ടി നേതാക്കളെയോ മാധ്യമപ്രവർത്തകരെയോ ക്വാർട്ടേഴ്സ് പരിസരത്തേക്കു കടത്തിവിട്ടില്ല. എല്ലാവരെയും ക്വാർട്ടേഴ്സിന്റെ മതിൽക്കെട്ടിനു പുറത്തുനിർത്തിയാണ് പൊലീസ് ഇൻക്വസ്റ്റ് തുടങ്ങിയത്. മഹസർ തയാറാക്കുമ്പോൾ സാക്ഷികളുണ്ടാകണമെന്ന വ്യവസ്ഥപോലും പാലിക്കാതെയായിരുന്നു പൊലീസ് നടപടി.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡപ്യൂട്ടി മേയർ പി.ഇന്ദിര, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, കോർപറേഷൻ കൗൺസിലർ വി.കെ.ഷൈജു, മുൻ മേയർ ടി.ഒ.മോഹനൻ തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ എട്ടരയോടെ ഇവരെ ക്വാർട്ടേഴ്സ് പരിസരത്തു പ്രവേശിപ്പിച്ചു.

ഇൻക്വസ്റ്റ് പൂർത്തിയാക്കി പത്തേകാലോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകുമ്പോൾ ആംബുലൻസ് തടഞ്ഞു പ്രതിഷേധിച്ചതും ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു. എല്ലാ തെളിവുകളും നശിപ്പിച്ചെന്നും ദിവ്യയെ രക്ഷിക്കാൻ പൊലീസ് സഹായിച്ചെന്നും ആരോപിച്ച് മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ഇക്കാര്യങ്ങളിൽ അന്നുയർന്ന ആശങ്കകളെല്ലാം എഡിഎമ്മിന്റെ കുടുംബവും ഉയർത്തുന്നതാണ് ഇന്നലെ കണ്ടത്. ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടാത്തതും ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കുടുംബത്തിന്റെ അസാന്നിധ്യത്തിൽ തിരക്കിട്ടു പൂർത്തിയാക്കിയതുമാണ് പൊലീസിനെതിരെ നവീന്റെ കുടുംബവും ഉന്നയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button