‘ജനിച്ചവരെല്ലാം സമന്‍മാര്‍, ഇനി ഞാനും നീയുമില്ല, നമ്മള്‍ മാത്രം’ ; ആവേശത്തിലാഴ്ത്തി വിജയ്‌യുടെ പ്രസംഗം
ചെന്നൈ: ജനിച്ചവരെല്ലാം സമന്‍മാരെന്ന നയപ്രഖ്യാപനവുമായി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ സദസിനെ കയ്യിലെടുത്ത് നടന്‍ വിജയ്. രാഷ്ട്രീയമെന്ന പാമ്പിനെ പേടിക്കാതെ മുന്നോട്ട് പോകുന്ന കുട്ടിയാണ് താനെന്ന് വിജയ് പറഞ്ഞു. ഇനി ഞാനും നീയുമില്ല, നമ്മള്‍ മാത്രമേയുള്ളുവെന്നും വിജയ് പറഞ്ഞു. എല്ലാവരും സമമാണെന്നും രാഷ്ട്രീയത്തില്‍ ഭയമില്ലെന്നും രാഷ്ട്രീയം മാറണമെന്നും വിജയ് പറഞ്ഞു.
ഇതുവരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി പറഞ്ഞ് സമയം കളയാനില്ല. പ്രശ്‌നത്തിന് പരിഹാരം വേണം. അതാണ് ലക്ഷ്യം. രാഷ്ട്രീയമെന്ന പാമ്പിനെ ഞാന്‍ കയ്യിലെടുക്കാന്‍ പോകുന്നു. സിരിപ്പും സീരിയസ്‌നസും ചേര്‍ത്ത് മുന്നോട്ട് പോകും. രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റും’, വിജയ് പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷം നേടും. ജനം ടി.വി.കെ ചിഹ്നത്തില്‍ വോട്ടുചെയ്യും. അഴിമതിക്കാരെ പുറത്താക്കും. ടി.വി.കെയുടെ നയം അംഗീകരിക്കുന്ന പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതുപേക്ഷിച്ച് വന്നത് ജനത്തെ വിശ്വസിച്ചാണെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാടിന് വേണ്ടി പൊരുതിയവരാണ് തന്റെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പെരിയോര്‍ ദൈവത്തെ പോലെ വഴികാട്ടുമെന്നും വിജയ് പറഞ്ഞു. തലൈവര്‍ കാമരാജും ബി ആര്‍ അംബേദിക്കറും വഴികാട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പെരിയോറിന്റെ നയങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രസംഗത്തില്‍ വികാരാധീതനായാണ് വിജയ് സംസാരിച്ചത്.