
തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പൂരം കലക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമായി തന്നെ തുടരുന്നതിന് ഇടയിലാണ് പൊലീസിന്റെ നടപടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ് ഐ ടി സംഘത്തിലെ ഇന്‍സ്പെക്ടർ ചിത്തരഞ്ജന്റെ പരാതിയിലാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്തെങ്കിലും എഫ് ഐ ആറില്‍ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച അന്വേഷണം കാര്യക്ഷമം അല്ലെന്ന വിമർശനം ഉയരുന്നതിന് ഇടയില്‍ കൂടിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാന്‍ പൊലീസ് തയ്യാറായിരിക്കുന്നത്. ഇന്നലെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക അന്വേഷണ സംഘമായിരിക്കും എഫ് ഐ ആറില്‍ ഇനി തുടർ നടപടികള്‍ സ്വീകരിക്കുക.
രണ്ട് വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പർദ സൃഷ്ടിക്കല്‍, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് എഫ് ഐ ആറില്‍ ചേർത്തിരിക്കുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ എ ഡി ജി പി റിപ്പോർട്ട് നല്‍കിയിരുന്നെങ്കിലും ഈ റിപ്പോർട്ടിന്മേല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചിരുന്നു. ഇതോടെയാണ് വിവിധ പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക അന്വേഷണം തന്നെ പരാതി നല്‍കുന്നത്.



