മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകർ മട്ടന്നൂർ -ഇരിട്ടി റോഡ് ഉപരോധിച്ചു.

മട്ടന്നൂർ : പത്തൊൻമ്പതാം മൈലിൽ റോഡിലെ കുഴി അപകടങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകർ മട്ടന്നൂർ -ഇരിട്ടി റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു നീക്കി.
മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ പത്തൊൻമ്പതാം മൈലിലായിരുന്നു ഉപരോധം. റോഡ് തകർന്നു കുഴിയായതിനാൽ വാഹനാപകടങ്ങൾ വർധിക്കുകയും ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
മരണക്കുഴി മൂടാൻ ഇനിയുമെത്ര പേർ മരിക്കണമെന്ന മുദ്രാവാക്യവുമായാണ് പൊതുമരാമത്ത് വകുപ്പ് അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. പത്തൊൻമ്പതാം മൈൽ ടൗണിൽ നിന്നും പ്രകടനവുമായെത്തിയാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്.
ഉപരോധത്തെ തുടർന്നു
മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മട്ടന്നൂർ എസ്ഐ എ.നിധിനിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു.
മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് പി.പി. ഷംസുദ്ദീൻ, എംഎസ്എഫ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. ഷഫാഫ്, വി.കെ. മുനീർ, റാസിഖ് ചാവശേരി, സഹീർ പുന്നാട്, കെ.മുജീബ്, നിയാസ് വളോര, ഉനൈസ് വെളിയമ്പ്ര, ഖാദർ പെരിയത്തിൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.