കണ്ണൂർ ടൗണിലെ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്ക് എതിരെ നടപടി
പെർമിറ്റില്ലാതെ കണ്ണൂർ ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ ആർ ടി ഒ അറിയിച്ചു. ഉത്തര മേഖലാ ഡെപ്യൂട്ടി ട്രാൻപോർട്ട് കമ്മീഷണർ സി വി എം ഷറീഫിന്റെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. അനധികൃതമായി പെർമിറ്റില്ലാതെ സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കണ്ണൂർ ആർ ടി ഒ, കണ്ണൂർ എൻഫോഴ്സ്മെന്റ്റ് ആർ ടി ഒ എന്നിവരെ ചുമതലപ്പെടുത്തി. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം സംഘടനകളും നവംബർ ഒന്നിന് നടത്താനിരുന്ന സമരം പിൻവലിക്കുന്നതായി അറിയിച്ചു. ടൗൺ പെർമിറ്റില്ലാത്ത അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ഒന്നിന് കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. സമരത്തിന്റെ പേരിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും ആർ ടി ഒയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.