കണ്ണൂർ ഹജ്ജ് ക്യാംപ് ; അവസാന സംഘ ഹാജിമാർ വെള്ളിയാഴ്ച എത്തും
മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിൻറ് വഴി ഈ വർഷം പരിശുദ്ധ ഹജ്ജിന് പോയ തീർഥാടകരുടെ അവസാന സംഘം വെള്ളിയാഴ്ച എത്തിച്ചേരും. ഹാജിമാരുമായുള്ള ഓരോ വിമാനവും എത്തുമ്പോൾ സ്വീകരിക്കാൻ എത്തിയ കുടുംബാംഗങ്ങളെ കൊണ്ട് വിമാന താവളവും പരിസരവും നിറയുകയാണ്. ബുധനാഴ്ച രാത്രിയെത്തിയ സംഘത്തെ കണ്ണൂർ മേയർ
മേയർ മുസ്ലിഹ് മഠത്തിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർ കെ പി അബ്ദുള്‍ റസാഖ്, ഹജ്ജ് ക്യാമ്പ് കൺവീനർമാരായ സി.കെ.സുബൈർ ഹാജി, നിസാർ അതിരകം, നോഡൽ ഓഫീസർ എം.സി.കെ. ഗഫൂർ എന്നിവർ വിമാന താവളത്തിൽ ചേർന്ന് സ്വികരിച്ചു. അവസാന സംഘങ്ങൾ 19 ന് രാവിലെ 5.10 നും രാത്രി 11.20 നും എത്തിച്ചേരുന്നതോടെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്രാ ക്രമീകരണം പൂർത്തിയാവും.കണ്ണൂരിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 3218 തീർത്ഥാടകരാണ് ഒമ്പത് വിമാനങ്ങളിലായി പുണ്യകർമങ്ങൾക്കായി പോയിരുന്നത്. ഇവരിൽ കർണ്ണാടകയിൽ നിന്ന് 37 ഉം പോണ്ടിച്ചേരിയിൽ നിന്ന് 14ഉം മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് പേരും ഉണ്ട്. കണ്ണൂരിൽ നിന്ന് പോയവരിൽ 1899 സ്ത്രീകളാണ്. സ്ത്രീകളിൽ 587 പേർ വിത് ഔട്ട് മെഹ്റം കാറ്റഗറിയിൽ തീർത്ഥാടനം നിർവഹിച്ചവരാണ്.