കനത്ത മഴയിൽ മട്ടന്നൂർ കളറോഡിൽ വീട്ടുമതിലിടിഞ്ഞ് വീണ് അപകടം
മട്ടന്നൂർ : കനത്ത മഴയിൽ മട്ടന്നൂർ കളറോഡിൽ വീട്ടുമതീലിടിഞ്ഞു വീണു അപകടം. മതിലിടിഞ്ഞു തോട്ടിൽ വീണതിനെ തുടർന്ന് സമീപത്തെ കൃഷിയിടത്തിലേക്ക് വെള്ളം കയറി. വ്യാപകനാശമാണുണ്ടായത്.
കളറോഡ് രാജേഷ് സ്മാരക വായനശാലക്ക് സമീപത്തുള്ള ടി.സി.ഭാസ്കരന്റെ വീട്ട് മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. രാവിലെ പെയ്ത മഴയിൽ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു.
വീണ കല്ലൊക്കെ എടുത്തു മാറ്റി നിൽക്കെ ഉച്ചയോടെയാണ് വീണ്ടും വലിയൊരു ഭാഗം മതിൽ തോട്ടിലേക്ക് ഇടിഞ്ഞു വീണത്. മതിലിനൊപ്പം മൺ തിട്ടയും ഇടിഞ്ഞതോടെ സമീപത്തെ തെങ്ങും
ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. കൂടാതെ മതിലിന്റെ ബാക്കി ഭാഗവും ഇടിഞ്ഞു വീഴാൻ ഇടയുണ്ട്. മതിലിടിഞ്ഞു തോട്ടിലേക്ക് വീണതോടെ കല്ലുകൾ നിറഞ്ഞു ശക്തമായി ഒഴുകുന്ന വെള്ളം സമീപത്തെ കൃഷിയിടത്തിലേക്ക് കുത്തിയോഴുകുകയാണ്.
മഴവെള്ളം ഒഴുകി സമീപത്തെ വാഴകൃഷിക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ
കർഷക കൂട്ടായ്മ ചെയ്യുന്ന നേന്ത്ര വാഴ കൃഷിക്ക് ശക്തമായി ഒഴുകുന്ന വെള്ളം ഭീഷണിയാവുകയാണ്.
ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത 1200 ഓളം കുലച്ച നേന്ത്ര വാഴകളാണ് ഇവിടെയുള്ളത്. കൂടാതെ ഈ തോടിനോട് ചേർന്ന വഴിയിലൂടെയാണ് മട്ടന്നൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കാൽ നട യാത്ര ചെയ്യുന്നത്. ഈ വഴിയും ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. നഗരസഭ ചെയർമാൻ എൻ ഷാജിത്, കൗൺസിലർമാരായ വികെ സുഗതൻ, പി പി അബ്ദുൾ ജലീൽ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.