kannur

റോഡിലും നടപ്പാതയിലും സമരപ്പന്തൽ; പോലീസ് അഴിപ്പിച്ചു

കണ്ണൂർ : കളക്ടറേറ്റിന് മുന്നിലെ റോഡിലും നടപ്പാതയിലും കെട്ടിത്തുടങ്ങിയ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി. എൻ.ജി.ഒ. യൂണിയൻ വ്യാഴാഴ്ച നടത്തുന്ന കളക്ടറേറ്റ്മാർച്ചും ധർണയുമായി ബന്ധപ്പെട്ടാണ് പന്തൽ ഉയർത്തിയത്.
റോഡിന്റെ നടുവിലായി ഗതാഗതം പൂർണമായും തടയുന്ന രീതിയിലാണ് പന്തൽ കെട്ടിയുയർത്തിയത്. ഇതുവഴി നടന്നുപോകുന്നവരും യാത്രക്കാരും നടുറോഡിലെ കൂറ്റൻ പന്തൽ കണ്ട്അമ്പരന്നു. കാൽനടക്കാരിൽ ചിലർ ടൗൺ പോലീസിൽ ഫോൺ വിളിച്ച് അറിയിച്ചു. ഇതിനിടയിൽ ടൗൺ എസ്.െഎ. ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പന്തൽ കെട്ടുന്നവരോട് ഉടൻ പണി നിർത്താനും അഴിച്ച് മാറ്റാനും പോലീസ് നിർദേശിച്ചു.


നഗരത്തിലെ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് നടപ്പാതയ്ക്കും റോഡിനും ഇടയിൽ ഗ്രിൽസ് സ്ഥാപിച്ചിട്ടുണ്ട്. ഇതുകാരണം ആയിരക്കണക്കിന് എൻ.ജി.ഒ. പ്രവർത്തകർ സമരത്തിനായി എത്തുമ്പോൾ നടപ്പാതയിൽ ഉൾകൊള്ളാനാകില്ല. മഴകാരണമാണ് റോഡിലേക്കും നീട്ടി പന്തലിട്ടതെന്നാണ് പറയുന്നത്. റോഡ് തടസ്സപ്പെടുത്തി സമരപ്പന്തൽ കെട്ടുന്നതിനെതിരേ ഹൈക്കോടതി ശക്തമായ നടപടിയെടുത്ത സാഹചര്യത്തിലാണ് പോലീസും കർശന നടപടിക്ക് മുതിർന്നത്. കഴിഞ്ഞ വർഷം ഹെഡ് പോസ്റ്റ്‌ ഒാഫീസിന് മുന്നിൽ പന്തൽ കെട്ടി നടത്തിയ സമരം കോടതി കയറിയ സംഭവമുണ്ടായിരുന്നു. ഇക്കാര്യവും പരിഗണിച്ചാണ് പോലീസ് നടപടി കർശമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button