kannur

കണ്ണൂർ ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; പ്രതിസന്ധി രൂക്ഷമെന്ന് ഉടമകൾ

കണ്ണൂർ: നികുതി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് ആർ.ടി.ഒ.യിൽ ജി-ഫോം സമർപ്പിച്ചു. 30-ന് നികുതി കാലാവധി തീർന്നതോടെയാണ് ബസ് ഉടമകൾ സർവീസ് അവസാനിപ്പിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യയാത്രയും ഡീസൽ വിലവർധനയുമാണ് സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കിയതെന്ന് ഉടമകൾ പറയുന്നു.

വരുമാനമില്ലാത്ത കൂടുതൽ സർവീസുകൾ വരുംദിവസങ്ങളിൽ നിർത്തേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക നഷ്ടത്തെ തുടർന്ന് നിശ്ചിത കാലത്തേക്ക് സർവീസ് നിർത്തുമ്പോഴാണ് റോഡ് നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് മുമ്പാകെ ജി-ഫോം നൽകുന്നത്.
യാത്രക്കാരുടെ കുറവ്, ടിക്കറ്റ് വരുമാനത്തിലെ ഇടിവ്, കെ.എസ്.ആർ.ടി.സി.യുടെ സൗജന്യയാത്ര, ഡീസൽ വിലക്കയറ്റം എന്നിവമൂലം സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.

നിലവിൽ 800-900 ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. പത്ത് വർഷം മുൻപ് 2200 ബസുകൾ ഓടിയിരുന്ന സ്ഥാനത്താണിത്. “സ്വകാര്യ ബസ് മേഖല വംശനാശം നേരിടുന്ന വിഭാഗമായി മാറുകയാണ്” -ഉടമകൾ പറഞ്ഞു.


*കൂടുതൽ ബസുകൾ സർവീസ് നിർത്തും*


‘കോവിഡിന് ശേഷം യാത്രക്കാർ കുറഞ്ഞു. എല്ലാവരും സ്വന്തം വാഹനങ്ങളിലേക്ക് മാറി. വലിയ നഷ്ടത്തിലാണ് സർവീസ്. പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി പലതവണ അധികൃതരുമായി ചർച്ചനടത്തിയെങ്കിലും പരിഹാരമായില്ല. ഡീസലിന് മാത്രം ദിവസം 820 രൂപ അധികമായി. പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണ്. വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തും. 14-ന് ഗതാഗത മന്ത്രിയുമായി ചർച്ചയുണ്ട്. എന്തെങ്കിലും പരിഹാരം പ്രതീക്ഷിക്കുന്നു

– രാജ്കുമാർ കരുവാരത്ത്, കണ്ണൂർ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button