
ആറളം : മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി ആറളം വന്യജീവി സങ്കേതം ഓഫീസിൽ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കിൽ കർഷകരുടെ 1310 പരാതികൾ കൈമാറി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആറളം പഞ്ചായത്ത് കമ്മിറ്റി. ആറളം പഞ്ചായത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് കിഫയുടെ പ്രവർത്തകർ വന്യമൃഗ ശല്യത്തിൽ പരാതികൾ കൊടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കർഷകർക്ക് അവബോധനങ്ങൾ കൊടുക്കുകയും പരാതികൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. തങ്ങളുടെ കൃഷിയിടത്തിൽ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടെന്നും, കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, അഥവാ കടക്കുകയാണെങ്കിൽ ആ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള അവകാശം കർഷകന് കൊടുക്കണമെന്നുമാണ് പരാതിയിൽ ഉള്ളത്.
വനം വകുപ്പുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രാദേശികമായ മറ്റു വിഷയങ്ങളും, ആയത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും പരാതികളിൽ ഉണ്ട്. കിഫ ആറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിൽസ് മുള്ളൻകുഴിയിലിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ ജോസ് പ്രകാശ്, തങ്കച്ചൻ കെ യു, റോയ്, ബിജു, ചെറിയാൻ, അനൂപ്, സണ്ണി, തോമസ് എന്നിവരാണ് പരാതികൾ ശേഖരിച്ച് കൈമാറിയത്. കൂടാതെ ആറളം പുനരധിവാസ മേഖലയിൽ നിന്ന് 200 പരാതികൾ ബാലൻ പി സി യുടെ നേതൃത്വത്തിലും കൈമാറി.



