!-- afp header code starts here -->
kannur

സപ്ലൈകോ ഓണം ഫെയര്‍ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം 26ന്


കണ്ണൂര്‍: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 25ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകും.
സപ്ലൈകോ ഓണം ഫെയര്‍ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി മുഖ്യാതിഥിയാവും. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ ആദ്യ വില്പന നിര്‍വഹിക്കും.
ഓണം ഫെയറില്‍ സബ്‌സിഡി, നോണ്‍ സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കുറവും ഓഫറുകളും നല്‍കും. പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ നാല് വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.


ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്‍കി വരുന്ന എട്ട് കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയില്‍ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് എഫ്.എം.സി.ജി. ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്പന്നങ്ങളും ലഭിക്കും.
ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്‌സിഡി ഉല്പന്നങ്ങളാണ് കഴിഞ്ഞ മാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ആഗസ്റ്റ് 23 വരെയുള്ള വിറ്റുവരവ് 190 കോടി രൂപയാണ്. ആഗസ്റ്റ് 11 മുതല്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് 10 കോടിയ്ക്ക് മുകളിലാണ്. ആഗസ്റ്റ് 23 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തില്‍ 50 ലക്ഷം ഉപഭോക്താക്കളേയും, 300 കോടിയുടെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്. ഓണം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ മാസത്തെ സബ്‌സിഡി സാധനങ്ങള്‍ മുന്‍കൂറായി ആഗസ്റ്റ് 25 മുതല്‍ വാങ്ങുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button