!-- afp header code starts here -->
kannur

ജില്ലയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ജില്ലാതല ഓണാഘോഷം സെപ്തംബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ

കണ്ണൂരിന്റെ പരമ്പരാഗത കലകള്‍ക്ക് മുന്‍തൂക്കം നല്‍കി വൈവിധ്യങ്ങള്‍ കൊണ്ടും വര്‍ണപ്പൊലിമ കൊണ്ടും ജില്ലാതല ഓണാഘോഷം വ്യത്യസ്തമാക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണാഘോഷ വാരത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഇതിനായി അപേക്ഷ ക്ഷണിക്കും. സൗജന്യമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രധാന പരിപാടിക്ക് മുമ്പ് അവതരണം നടത്താനുള്ള സൗകര്യവും ലഭിക്കും. ജില്ലയിലെ കലാസംഘങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നൽകും. ഇതോടൊപ്പം സിനിമ, സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തി നൃത്തം, കോമഡി ഷോ എന്നിവയും പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി സംഗീത പരിപാടികളും സംഘടിപ്പിക്കും.
ഓണത്തിന്റെ ഭാഗമായി നഗരത്തിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കും. അതത് സ്ഥാപനങ്ങളിലാണ് പൂക്കളം ഒരുക്കേണ്ടത്. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 10000, 7500, 5000 രൂപ വീതവും അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും ക്യാഷ് പ്രൈസ് ലഭിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം, മെഹന്ദി ഇടല്‍ മത്സരം എന്നിവയും നടത്തും. ടൗണ്‍ സ്‌ക്വയറില്‍ പുല്‍ത്തകിടിക്ക് പുറകിലുള്ള മൈതാനം ഭാഗത്ത് പ്രത്യേക സ്റ്റേജ്, പന്തല്‍, ഗ്രീന്‍ റൂം എന്നിവ നിര്‍മിച്ചാണ് പരിപാടി.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി സുമേഷ് എം എല്‍ എ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ജില്ലയിലെ എംപിമാര്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍പേഴ്സണും അസി. കലക്ടര്‍ എഹ്‌തെദ മുഫസിര്‍, എ ഡി എം കല ഭാസ്‌കര്‍ എന്നിവര്‍ വൈസ് ചെയര്‍പേഴ്സണുമാണ്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറും ഡിടിപിസി സെക്രട്ടറി പി.കെ സൂരജ് വര്‍ക്കിംഗ് കണ്‍വീനറും അസിസ്റ്റന്റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി ശ്രീനിവാസന്‍ ജോയിന്റ് കണ്‍വീനറുമാണ്.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. കെ.വി സുമേഷ് എം എല്‍ എ, എ ഡി എം കലാഭാസ്‌കര്‍, ഡി ടി പി സി സെക്രട്ടറി പി.കെ സൂരജ്, അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button