
യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് സതീഷിനെ ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ എടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. സതീഷിനെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. സതീഷ് നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ഇമിഗ്രേഷന്‍ നിര്‍ദേശം ഉണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയതുറ പൊലീസ് സതീഷിനെ ഉടന്‍ തന്നെ ക്രൈം ബ്രാഞ്ചിന് കൈമാറും. അതുല്യയുടെ മരണം അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.
കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു.
എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലം വരാനുണ്ട്.



