
കൊട്ടിയൂര്‍: പ്രമുഖ തീര്‍ഥാടക കേന്ദ്രമായ കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനാവും.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 4.52 കോടിയും കിഫ്ബി ഫണ്ടില്‍നിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മ്യൂസിയം, കെട്ടിടം, മാര്‍ക്കറ്റ്, ഗോശാല, ഊട്ടുപുര, കാര്‍ പാര്‍ക്കിംഗ്, ഡോര്‍മറ്ററി ആന്‍ഡ് ക്ലോക്ക് റൂം, ഓപണ്‍ തിയറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, പില്‍ഗ്രിം ഷെല്‍ട്ടര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. അമ്പലം പരിസരത്ത് ഫലകം അനാച്ഛാനത്തിന് ശേഷം കൊട്ടിയൂര്‍ നീണ്ടുനോക്കി ബാവലിപ്പുഴ പാലത്തിന് സമീപം പൊതുപരിപാടി നടക്കും.



