!-- afp header code starts here -->
Kerala

സംസ്ഥാനത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത; ഇന്നും നാളെയും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്: ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്നും നാളെയും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു യെലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട് തുടരും.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ വടക്കന്‍ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ജൂണ്‍ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

അതിശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് നാല് മണിയോടെ 134.30 അടിയിലെത്തി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റൂള്‍ കര്‍വ് പ്രകാരം നാളെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കുമെന്നു തമിഴ്‌നാട് വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button