!-- afp header code starts here -->
Kerala

പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് നാളെ; വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽ

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലാണ് പ്രവേശനം. ആദ്യ രണ്ട് അലോട്മെൻ്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. ഇത്തവണ സ്ഥിരംപ്രവേശനം നിർബന്ധമാണ്. താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരണം. ജൂൺ 18ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും.

രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെൻ്റിനു ശേഷം സപ്ലിമെൻ്ററി അലോട്മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു കാരണം ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്മെൻ്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം എൻഎസ്ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെൻ്റ് ജൂൺ 16, 17 തീയതികളിലാണ്. https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ജൂൺ 16 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

https://admission.vhseportal.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെൻ്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെൻ്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന് / രണ്ട് അലോട്ട്മെൻ്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻ്റ് ലെറ്റർ ആവശ്യമില്ല.

മൂന്നാം അലോട്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ജൂൺ 16 മുതൽ ജൂൺ 17 വൈകുന്നേരം 4 വരെ അലോട്മെൻ്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. ഈ അലോട്മെൻ്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.

അലോട്മെൻ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ജൂൺ 17ന് വൈകുന്നേരം 4 ന് മുമ്പ് അലോട്മെൻ്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button