
മട്ടന്നൂർ :ഹജ്ജ് ക്യാമ്പ് വിജയകരമായി സമാപിച്ചപ്പോൾ സേവനം കൊണ്ട് അർപ്പണം നടത്തിയ ഒരു വിഭാഗമുണ്ട്. ഒരു ഹാജി അപേക്ഷ കൊടുത്തത് മുതൽ എട്ടുമാസക്കാലം കണ്ണും, കാതും കൂർപ്പിച്ചു ഹാജിമാരുടെ നിഴലായി വർത്തിച്ച ഹജ്ജ് ട്രെയിനർമാർ. സംസ്ഥാനത്തെ 500 ഓളം വരുന്ന ട്രെയിനർമാരുടെ കഠിനാധ്വാനമാണ് ഹാജിമാരുടെ യാത്രക്കുള്ള കരുത്ത്.
ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിനു പോയ 17000 ത്തിൽ പരം അപേക്ഷ സ്വീകരിക്കപ്പെട്ടത് മുതൽ അവർക്കുള്ള എല്ലാ സഹായങ്ങളും, മാർഗ നിർദേശങ്ങളും സാങ്കേതിക പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതും ട്രെയിനർമാരാണ്.
സെൻട്രൽ ഹജ്ജ് കമ്മിറ്റി ഹാജിമാരുടെ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നത് മുതൽ ഇവരുടെ സേവനം ആരംഭിക്കും, നറുക്കെടുപ്പിൽ അവസരം ലഭിക്കുന്നതോടെ ഹാജി മാരുടെ മണ്ഡലം തിരിച്ചു ഗ്രൂപ്പാക്കി, കേന്ദ്ര -സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ നിർദേശങ്ങൾക്കനുസരിച്ചു ഹാജി മാരെ ഇവർ നിയന്ത്രിക്കും. ജില്ലയിൽ 68 അംഗ ഹജ്ജ് ട്രെയിനിംഗ് ടീമാണ് ഉണ്ടായിരുന്നത്.നിസാർ അതിരകമാണ് ജില്ലാ ട്രെയിനിങ് ഓർഗനൈസർ.
ഈ വർഷം മൂന്നു ഘട്ടങ്ങളിലായി 11 മണ്ഡലങ്ങളിൽ 19 കേന്ദ്രങ്ങളിൽ സാങ്കേതിക പഠന ക്ലാസ്സ് സംഘടിപ്പിച്ചത്. നാലു കേന്ദ്രങ്ങളിലായി വാക്‌സിനേഷൻ കുത്തി വെപ്പും നടത്തി.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കുള്ള വിമാനത്തിൽ 166 തീർഥാടകർ യാത്രയായതോടെ കണ്ണൂരിലെ 2008 ഹാജിമാരെയും യാത്രയാക്കിയ ആത്മ നിർവൃതിയിലാണ് ജില്ല ട്രെയിനിംഗ് സംഘം.
മക്കയിലും, മദീനയിലും അവർക്കുണ്ടാവുന്ന പ്രശ്നങ്ങളിൽ ഇടപെടാവുന്ന വിധത്തിൽ ഹാജിമാരുടെ കൂടെ യാത്ര ചെയ്യുന്ന സംസ്ഥാന ഹജ്ജ് ഇൻസ്‌പെക്ടർ മാരുമായി വിനിമയ ശൃംഖല ഉണ്ടാക്കിയിട്ടുണ്ടെന്നു ജില്ല ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം പറഞ്ഞു.



