!-- afp header code starts here -->
kannur

കണ്ണൂർ ഹജ്ജ് ഹൗസ്: വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമം 25ന്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ് ഹൗസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിന് ഹജ്ജ് ക്യാമ്പിൽ ഞായറാഴ്ച സൗഹൃദ സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ 10ന് ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ്   സൗഹൃദ സംഗമം നടക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും സംബന്ധിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളാണ് സംഗമത്തിൽ സംബന്ധിക്കുന്നത്. ഹജ്ജ് ഹൗസിന്റെ നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ ചർച്ചയാകും.
കണ്ണൂർ ഹജ്ജ് ഹൗസ് 2026ൽ അടുത്ത ഹജ്ജ് കാലത്തിന് മുമ്പ് തന്നെ  യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആഗ്രഹിക്കുന്നത്. 
2023 മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് എമ്പാർക്കേഷൻ സൗകര്യം കണ്ണൂർ, കാസർകാട്, വയനാട് ജില്ലകളിലെയും മാഹി, ദക്ഷിണ കന്നഡ, കുടക് പ്രദേശങ്ങളിലെയും ഹജ്ജ് തീർഥാടകർക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. എയർ പോർട്ട് ഉടമസ്ഥതയിലുള്ള കാർഗോ കോംപ്ലക്സിലാണ് താൽക്കാലികമായി ക്യാമ്പ് സജ്ജീകരിച്ചു വരുന്നത്. കാർഗോ പ്രവർത്തനം തുടങ്ങുന്നതോടെ ഈ സൗകര്യങ്ങൾ ഇല്ലാതാവും. ഓരോ വർഷവും ഹജ്ജ് ക്യാമ്പ് സജ്ജമാക്കുന്നതിനായി വലിയ സാമ്പത്തിക ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹജ്ജ് ക്യാമ്പിന് ഒരു സ്ഥിരം സംവിധാനം എന്ന നിലക്ക് എയർപോർട്ടിന് സമീപം ആധുനിക സൗകര്യങ്ങളോടെ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് സംസ്ഥാന ഹജ് കമ്മിറ്റി തീരുമാനിച്ചത്. വിമാനത്താവള പരിസരത്ത് ഇതിനായി ഒരു ഏക്കർ ഭൂമി സർക്കാർ അനുവദിക്കുകയും ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിന് വലിയ ചെലവ് വരുന്ന ഈ പദ്ധതി പൊതുജന പങ്കാളിത്തത്തോടെ യാഥാർഥ്യമാക്കാനാണ് ഹജ്ജ് കമ്മിറ്റി ഉദ്ദേശിക്കുന്നത്. കൂടുതൽ സൗകര്യങ്ങൾ ഹജ്ജാജിമാർക്ക് ഒരുക്കാൻ വേണ്ടിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഹജ്ജ് ഹൗസ് നിർമിക്കാൻ തീരുമാനിച്ചത്.
വാർത്ത സമ്മേളനത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ  പി.പി. മുഹമ്മദ് റാഫി, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, മീഡിയ കമ്മിറ്റി ചെയർപേഴ്സൻ ടി. ഷബ്ന എന്നിവരും സംബന്ധിച്ചു.

ഹജ്ജ് ഹൗസ് നിർമാണത്തിനായി നിർബന്ധ പിരിവില്ല -ഹജ്ജ് കമ്മിറ്റി ചെയർമാൻ
കണ്ണൂർ: കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ  നിർമിക്കുന്ന ഹജ്ജ് ഹൗസിനുവേണ്ടി ഒരുവിധ നിർബന്ധ പിരിവുകളും നടത്തുന്നില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ    ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. കണ്ണൂരിൽ അഞ്ചു കോടിയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള മൾട്ടി പർപ്പസ് കൺവെൻഷൻ സെന്റർ എന്ന നിലയിൽ നിർമിക്കുന്ന ഹജ്ജ് ഹൗസിന് പ്രഥാമിക കണക്കിൽ 17 മുതൽ 20 കോടി രൂപവരെയാണ് കണക്കാക്കുന്നത്. സർക്കാർ അനുവദിച്ച അഞ്ചുകോടി രൂപകൊണ്ടു മാത്രം ഹജ്ജ് ഹൗസിന്റെ നിർമാണം നടത്താൻ കഴിയില്ല. ആവശ്യമായ മുഴുവൻ തുകയും സർക്കാറിനോട് ചോദിക്കാനും ഹജ്ജ് കമ്മിറ്റിക്ക് കഴിയില്ല.  ഈ സഹാചര്യത്തിലാണ് കോഴിക്കോട് ഹജ്ജ് ഹൗസ് നിർമിച്ച മാതൃകയിൽ ക്രൗഡ് ഫണ്ടിങ-ിലൂടെ കണ്ണൂരിലെ ഹജ്ജ് ഹൗസും നിർമിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.                                                       
ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനം നിർവഹിച്ച മുഖ്യമന്ത്രിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും  സാന്നിധ്യത്തിലാണ്  മുസ്‍ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബ് എം.പി 50 ലക്ഷം രൂപയുടെ ധനസഹായം ആദ്യം പ്രഖ്യാപിച്ചത്.  അതുകൊണ്ടുതന്നെ ആ പാർട്ടി ഹജ്ജ് നിർമാണത്തിന് എതിര് നിൽക്കുമെന്ന് കരുതുന്നില്ലെന്നും ചെയർമാൻ പറഞ്ഞു. ഒരുപക്ഷെ തെറ്റിദ്ധാരണകൊണ്ടാകാം മുസ്‍ലീം ലീഗ് നിർബന്ധ പിരിവെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ടാകുകയെന്നും എല്ലാ ബാധ്യതകളും തീർത്ത് ഹജ്ജിന് പോകുന്ന വിശ്വാസികളെ നിർബന്ധിച്ച് തുക വാഗ്ദാനം ചെയ്യിപ്പിക്കുന്ന സമീപനം ഹജ്ജ് കമ്മിറ്റിക്ക് ഇല്ലെന്നും ചെയർമാൻ വ്യക്തമാക്കി.
ഒറ്റ വ്യക്തിയെയും നിർബന്ധിക്കുകയോ  ഒരുരൂപ പോലും പിരിവ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ് റാഫിയും പറഞ്ഞു. അടുത്ത ഹജ്ജ് കാലത്തിനിടയിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ആവശ്യമായ തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിക്കാനാണ് ലക്ഷ്യമെന്നും താൽപര്യമുള്ളവർക്ക് ഫോൺ നമ്പറോ വിലാസമോ തരാമെന്നും മാത്രമേ ഹാജിമാരോട് പറഞ്ഞിട്ടുള്ളൂവെന്നും മറിച്ചുള്ള പ്രചരണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button