!-- afp header code starts here -->
മട്ടന്നൂർ

ഹാജിമാരുടെ ഹൃദയമിടിപ്പുകൾ അറിഞ്ഞു ആതുര ശുശ്രുഷ…..

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിലെത്തുന്ന ഹാജിമാരുടെ ഹൃദയമിടിപ്പുകളും വേദനകളും അടുത്തറിഞ്ഞ് ആശ്വാസം പകരുകയാണ് ആരോഗ്യ വിഭാഗം. അലോപ്പതി വിഭാഗം, ഹോമിയോപതിക് , ആയുർവേദിക് എന്നീ മൂന്ന് മേഖലയിലാണ് ഇവിടെ ചികിത്സ നൽകുന്നത്. മൂന്ന് ഷിഫ്റ്റുകളായാണ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കുന്നത്. അലോപ്പതിയിൽ മൂന്ന് വീതം ഡോക്ടർമാരും, ആയുർവേദം, ഹോമിയോപതിക് എന്നീ വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരും, ഫാർമസിസ്റ്റുകളും ഉണ്ട്. ജീവിതശൈലീ രോഗങ്ങൾക്കാണ് അലോപതിയെ ഹാജിമാർ കൂടുതലും ആശ്രയിക്കുന്നത്.

പ്രായമുള്ളവരിൽ വൈറൽ പനി വരാനുള്ള സാധ്യതയുള്ളതിനാൽ അതിനുള്ള മരുന്നുകളും കുറിച്ച് നൽകുന്നുണ്ട്. പെട്ടെന്നുണ്ടാവുന്ന ജലദോഷം, ചുമ, തുമ്മൽ, തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ഉള്ളവരാണ്  ഹോമിയോപതിക് വിഭാഗത്തെ സമീപിക്കുന്നവരിൽ ഭൂരിഭാഗവും. ഹാജിമാർക്ക് യാത്ര വേളയിലും മറ്റും പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്കും മറ്റു ബുദ്ധിമുട്ടുകൾക്കും പരിഹാരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം  തയാറാക്കിയ ശിഫാ കിറ്റും ഹോമിയോ ക്ലിനിക്കിൽ ലഭ്യമാണ്. പത്തോളം രോഗങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള മരുന്നുകളടങ്ങിയതാണ് ശിഫാ കിറ്റ്.

ഭക്ഷ്യവിഷബാധ, ഛർദ്ദി, വയറിളക്കം, ശക്തമായ പനി, തലവേദന, ചെവി വേദന, പെട്ടെന്നുണ്ടാവുന്ന നീരുവീഴ്ചകൾ, വയർ വീക്കം, ശരീര വേദന, സന്ധിവേദന, ത്വക് വരൾച്ച, വീണ്ടുകീറൽ തുടങ്ങി വിവിധ രോഗങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനാണ് മരുന്നുകൾ ക്രമീകരിച്ചിരിക്കുന്നത്.  മരുന്നുകളുടെ ഉപയോഗവും മരുന്നുകളുടെ പേരുവിവരങ്ങളും അടങ്ങിയ നോട്ടുകളും കിറ്റിൽ ഉണ്ട്. ശ്വാസംമുട്ടൽ, ചുമ, ഗ്യാസ്, അലർജി തുടങ്ങിയവക്കാണ് ആയുർവേദത്തെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. രാവിലെ എട്ടുമണി മുതൽ പിറ്റേ ദിവസം എട്ടുമണി വരെ മൂന്ന് ഷിഫ്റ്റായാണ് ഡോക്ടർമാരുടെ സേവനം ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button