
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പറന്നുയർന്നു. സംഘാടക സമിതി വർക്കിങ് ചെയർമാനും മട്ടന്നൂർ നഗരസഭ ചെയർമാനുമായ എൻ. ഷാജിത്ത്; കിയാൽ എം.ഡി സി. ദിനേശ് കുമാർ എന്നിവർ ചേർന്ന് ആദ്യവിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫ്, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, മുൻ എം.എൽ.എ എം.വി. ജയരാജൻ, എ.കെ.ജി ആശുപത്രി പ്രസിഡന്‍റ് പി. പുരുഷോത്തമൻ, ഹജ്ജജ് സെൽ ഓഫീസറും പൊലീസ് സൂപ്രണ്ടുമായ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ എന്നിവരും ആദ്യ ഹജ്ജ് സംഘത്തെ യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
170 തീർഥാടകാരാണ് ഞായറാഴ്ച പുലർച്ചെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തിലുള്ളത്. ഇതിൽ 82 സ്ത്രീകളും ബാക്കി 88 പേർ പുരുഷന്മാരുമാണ്. ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസ് ആണ് ഹജ്ജ് തീർഥാടകരുമായി കണ്ണൂരിൽനിന്ന് പറന്നുയരുന്നത്. 11 മുതൽ 29 വരെ 29 ഷെഡ്യൂളുകളായാണ് ഹജ്ജ് തീർഥാടകരുമായി വിമാനം പറക്കുന്നത്.
ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്ന തീർഥാടകർ ശനിയാഴ്ച രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം പുറപ്പെടുന്നതിന്റെ 12 മുതൽ 18 മണിക്കുറിനു മുമ്പ് തീർഥാടകർ ഹജ്ജ് ക്യാമ്പിൽ എത്തണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവർ നേരത്തെ എത്തിയത്. ഡിപാർച്ചർ ഏരിയയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തീർഥാടകർ കുടുംബ സമേതം എത്തിയത്. ഇവിടെനിന്ന് കുടുംബാംഗങ്ങൾ മടങ്ങി. ബാഗേജ് പരിശോധനക്ക് ശേഷം ഹാജിമാരെ പ്രത്യേകം വാഹനത്തിലാണ് വളന്റിയർമാർ കാർഗോ കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ ഹജ്ജ് ക്യാമ്പിലെത്തിച്ചത്. ഇവിടെയാണ് ഹാജിമാർക്ക് രജിസ്ട്രേഷൻ, വിശ്രമം, നിസ്കാരം, ഭക്ഷണം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഞായറാഴ്ച പുലർച്ചെ 12ഓടെയാണ് ഹാജിമാരെ ഹജ്ജ് ക്യാമ്പിൽനിന്ന് വിമാനത്താവളത്തിൽ എത്തിച്ചത്. പുലർച്ചെ 3.45ന് ഫ്ലാഗ് ഓഫ് ചെയ്ത എയർ ഇന്ത്യ എക്സ് പ്രസ് വിമാനം നാലോടെ കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘവുമായി പറന്നുയർന്നു.
പടം…..HAJJ FLAG OFF കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ആദ്യ ഹജ്ജ് വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്തും കിയാൽ എം.ഡി സി. ദനേശ് കുമാറും നിർവഹിക്കുന്നു.



