!-- afp header code starts here -->
Kerala

സസ്‌പെൻഷനിൽ തന്നെയെന്ന് വി സി, അല്ലെന്നും ജോലിക്ക് വരുമെന്നും രജിസ്ട്രാർ; പോര് അസാധാരണ തലത്തിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വി സി – രജിസ്ട്രാര്‍ തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നു. സസ്‌പെൻഷനിലായതിനാൽ കോളേജിലേക്ക് പ്രവേശിക്കരുതെന്ന് രജിസ്ട്രാര്‍ കെ എസ് അനിൽകുമാറിന് വി സി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, അതിനെ അവഗണിച്ച് രജിസ്ട്രാര്‍ ജോലിക്കെത്തിയേക്കും. ഇതിനിടെ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള സർവകലാശാലയിൽ സുരക്ഷ കർശനമാക്കും.

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു വൈസ് ചാൻസിലറുടെ നീക്കം. സസ്പെൻഷൻ തുടരുമെന്നും സർവകലാശാലയിൽ പ്രവേശിക്കരുതെന്നും ഡോ. കെ എസ് അനിൽകുമാറിന് വൈസ് ചാൻസിലർ നോട്ടീസ് നൽകിയിരുന്നു. ജൂലൈ ആറിന് വി സിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അനിൽകുമാറിന് വി സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ വൈസ് ചാൻസലറുടെ നിർദ്ദേശത്തെ പൂർണമായും തള്ളുകയാണ് ഡോ. കെ എസ് അനിൽകുമാർ ചെയ്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം ചുമതലയിൽ തുടരുന്നതിന് തടസ്സമില്ല. പരാതികൾ ഉണ്ടെങ്കിൽ നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. തന്റെ നിയമന അധികാരി സിൻഡിക്കേറ്റ് ആണെന്നും സിൻഡിക്കേറ്റ് തീരുമാനം വരെ ചുമതലയിൽ തുടരും എന്നുമായിരുന്നു വൈസ് ചാൻസിലർക്ക് അനിൽകുമാർ നൽകിയ മറുപടി. സിൻഡിക്കേറ്റിൻ്റെയും സർക്കാരിൻ്റെയും പിന്തുണയോടെയാണ് രജിസ്ട്രാറുടെ ഈ നീക്കം. വിഷയത്തിൽ ഇനി ഗവർണറുടെ നിലപാട് നിർണായകമായേക്കും.

അതേസമയം ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ എസ്എഫ്ഐ ഒരുങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ ഇന്ന് പഠിപ്പുമുടക്കും. രാജ്ഭവനിലേക്ക് മാർച്ചും ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കേരള സർവകലാശാലയിലെ പ്രതിഷേധങ്ങൾക്ക് തുടർച്ചയെന്നോണം ഡിവൈഎഫ്ഐ ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button