!-- afp header code starts here -->
കാസർഗോഡ്

കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട് കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2024 ഡിസംബര്‍ 7നാണ് കോളജ് ഹോസ്റ്റലില്‍ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മന്‍സൂര്‍ ആശുപത്രി കോളജിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു ചൈതന്യ. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയ്ക്ക് ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കിയിരുന്നത് മംഗലാപുരത്തായിരുന്നു. പിന്നീട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാഴ്ചയോളം ചൈതന്യ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളില്‍ മെച്ചപ്പെട്ടൂവെങ്കില്‍ കൂടിയും പിന്നീട് വളരെ മോശമായി തുടരുകയായിരുന്നു.

പെണ്‍കുട്ടി വയ്യാതെ ഇരിക്കുമ്പോള്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ വാര്‍ഡന്‍ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടര്‍ന്നു. ഇത് താങ്ങാന്‍ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. ചൈതന്യ വയ്യാതെ ആശുപത്രിയില്‍ പോയി വന്നശേഷം വാര്‍ഡന്‍ വഴക്കു പറയുകയും ബിപി ഉള്‍പ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ ആശുപത്രിയ്ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാണത്തൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button