
കാസര്‍ഗോഡ്: കാസര്‍ഗോഡ് മണിയാട്ടിൽ വീട്ടില്‍ വന്‍ കവര്‍ച്ച. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.
വെള്ളിയാഴ്ച വൈകിട്ട് പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാൻ പയ്യന്നൂരില്‍ പോയ വീട്ടുകാര്‍ തിരിച്ചെത്തിയത് രാത്രി 10 മണിയോടെയാണ്. അപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ന്ന നിലയിൽ കണ്ടത്. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്.
കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. പൊലീസ് ഡോഗ് സ്‌ക്വാഡ് വീട്ടില്‍ പരിശോധന നടത്തി. ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.