മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട; കേരളത്തിൽ മഴ തകർക്കും! ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന.
മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.
അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.