എത്ര മെസേജ് അയച്ചിട്ടും പോകുന്നില്ല, വാട്സ്അപ് വ്യാപകമായി പണിമുടക്കിയെന്ന് റിപ്പോർട്ട്; വെബ്ബിനും പ്രശ്നം

ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്അപ് ആഗോളതലത്തിൽ പണിമുടക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ പല രാജ്യങ്ങളിലും ഉപഭോക്താക്കൾക്ക് സേവനങ്ങൾ തടസ്സപ്പെട്ടു. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ഉപഭോക്താക്കൾ വാട്സ്അപ് പ്രതിസന്ധി പോസ്റ്റ് ചെയ്യുകയും ചെയ്തു.
വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗൺഡിറ്റക്ടറിൽ രാത്രി 9.20ഓടെയാണ് വാട്സ്അപ് തകരാർ രേഖപ്പെടുത്തിയത്. ഒൻപതിനായിരത്തിലധികം ഉപഭോക്താക്കൾ ആദ്യ ഘട്ടത്തിൽ തന്നെ തകരാർ റിപ്പോർട്ട് ചെയ്തു. എത്ര മെസേജുകൾ അയച്ചിട്ടും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലായിരുന്നു എന്ന് നിരവധിപ്പേർ പരാതിപ്പെട്ടപ്പോൾ ആപ്ലിക്കേഷൻ തുറക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്നും ഏറെ നേരം ആപ് ലോഡ് ചെയ്തുകൊണ്ടിരിക്കുന്നതു പോലെയാണ് സ്ക്രീനിൽ ദൃശ്യമായിരുന്നതെന്നും എക്സിൽ വന്ന ചില പോസ്റ്റുകളിൽ പറയുന്നു.
ഫോണുകളിലെ വാട്സ്ആപ് ചാറ്റുകൾ ഡെസ്ക്ടോപ്പുകളിൽ ഉപയോഗിക്കാൻ കഴിയുന്ന വാട്സ്അപ് വെബ്ബ് സംവിധാനത്തെയും ഇന്നത്തെ തകരാർ ബാധിച്ചു. ഏറെ നേരം വാട്സ്ആപ് വെബ്ബ് സംവിധാനവും കിട്ടാതെയായിരുന്നു. വിവിധ തരം ഉപകരണങ്ങളിൽ വാട്സ്ആപ് ഉപയോഗിക്കുന്നവരെ പ്രശ്നം ഒരേപോലെ ബാധിച്ചു എന്നാണ് റിപ്പോർട്ട്. എന്താണ് സംഭവിച്ചത് എന്നറിയാതെ ഫോൺ റീസ്റ്റാർട്ട് ചെയ്തവരും ഫ്ലൈറ്റ് മോഡിലേക്കും തിരിച്ചും പലവട്ടം മാറ്റിയവരും കുറവല്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. അതേസമയം ആഗോള തലത്തിൽ തന്നെ ബാധിച്ച പ്രശ്നത്തെ കുറിച്ച് വാട്സ്അപോ മാതൃ കമ്പനിയായ മെറ്റയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.