Kerala

പകുതി വില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണൻ്റെ 11 അക്കൗണ്ടുകളിലേയ്ക്ക്‌ 548 കോടി രൂപ എത്തിയെന്ന് ക്രൈം ബ്രാഞ്ച്

പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലേയ്ക്ക്‌ 548 കോടി രൂപ എത്തിയെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.



സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി എന്ന സ്ഥാപനത്തിലെ admin.womenonwheel.online എന്ന പോർട്ടൽ പരിശോധിച്ചതിൽ മാത്രം സംസ്ഥാനത്ത് ആകെ 20,163 പേരിൽ നിന്നും 60,000 രൂപ വീതവും 4,025 പേരിൽ നിന്നായി 56,000 രൂപ വീതവും പ്രതിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 143.5 കോടി എത്തിയിട്ടുണ്ടെന്നും കസ്റ്റഡിയിൽ അപേക്ഷയിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പണത്തിൻ്റെ അടിസ്ഥാനത്തിൽ ആ പണമോ വാഗ്ദാനം ചെയ്യപ്പെട്ട വാഹനമോ തിരിച്ച് നൽകിയിട്ടില്ലെന്നും കസ്റ്റഡ‍ി അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.

സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി, പിസിഐ പൊന്നുരുന്തി, ഗ്രാസ്റൂട്ട് കാക്കനാട് എന്നീ സ്ഥാപനങ്ങളുടെ 11 ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 2023 ഫെബ്രുവരി മുതൽ 2024 ഒക്ടോബർ വരെ 548 കോടി രൂപ എത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ചോദിച്ചറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽഎൽപി എന്ന സ്ഥാപനം പരിശോധിച്ചപ്പോൾ ഇവിടുത്തെ കമ്പ്യൂട്ടറുകളും രേഖകളും കടത്തിക്കൊണ്ട് പോയതായി മനസ്സിലാക്കിയെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അത് വീണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യം.

പകുതി വില തട്ടിപ്പ് കേസിൽ നേരത്തെ അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തിരുന്നു. കേസിൽ അനന്തുവിന്റെ കൂട്ടുപ്രതികളിൽ പലർക്കും ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. നേരത്തെ പകുതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയിരുന്നു. 34 കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button