തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം കണ്ടെടുത്തു

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
നിലവിൽ 74ഓളം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 10 കിലോഗ്രാം സ്വർണം പിടികൂടിയതായി ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടർന്നേക്കുമെന്നും അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.