വയനാട്

മുണ്ടക്കൈ, ചൂരല്‍മല ടൗണ്‍ഷിപ്പ്: ആദ്യഘട്ട പട്ടികയില്‍ 242 കുടുംബങ്ങള്‍; രണ്ടാംഘട്ട കരട് പട്ടികയും ഉടന്‍; കല്‍പ്പറ്റയിലും നെടുമ്പാലയിലും മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കും

മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട പട്ടികയില്‍ 242 കുടുംബങ്ങള്‍ ഇടംനേടി. ഡിസംബര്‍ 20ന് പുറത്തുവിട്ട ഒന്നാംഘട്ട കരട് ഗുണഭോക്തൃപട്ടികയുടെ അന്തിമപട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉരുള്‍പൊട്ടലില്‍ താമസസ്ഥലം നഷ്ടമായ മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരാണ് ആദ്യഘട്ടത്തിലുള്ളത്.


രണ്ടാംഘട്ട കരട് പട്ടികയും ഉടന്‍ പ്രസിദ്ധീകരിച്ച് അവശേഷിക്കുന്ന ഗുണഭോക്താക്കളെ നിശ്ചയിക്കും. പരാതികള്‍ സ്വീകരിച്ച് പത്തുദിവസത്തിനുള്ളില്‍ ആക്ഷേപങ്ങളെല്ലാം പരിഹരിച്ചാണ് രണ്ടാംഘട്ട അന്തിമപട്ടിക പുറത്തിറക്കുക. മാര്‍ച്ച് മാസം തുടക്കത്തില്‍ കല്‍പ്പറ്റയിലും നെടുമ്പാലയിലുമായി ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടുഘട്ടമായാണ് പട്ടികയെങ്കിലും ടൗണ്‍ഷിപ്പ് നിര്‍മാണം ഒരുമിച്ച് പൂര്‍ത്തിയാക്കും.


ഉരുളില്‍ ഒഴുകിയ മൂന്നു വാര്‍ഡുകളില്‍നിന്നുമുള്ളവര്‍ ഗുണഭോക്താക്കളായുണ്ട്. ഒന്നാംഘട്ട കരട് പട്ടികയില്‍ ഉള്‍പ്പെട്ട 235 കുടുംബങ്ങളും അര്‍ഹരായിട്ടും ചേര്‍ക്കപ്പെടാതെ പോയ എഴ് കുടുംബങ്ങളെയും ചേര്‍ത്താണ് അന്തിമ പട്ടിക. ചൂരല്‍മല വാര്‍ഡിലെ 108 കുടുംബം, മുണ്ടക്കൈ വാര്‍ഡിലെ 83, അട്ടമല വാര്‍ഡിലെ 51 കുടുംബങ്ങളുമാണ് പട്ടികയിലുള്ളത്. ആക്ഷേപമുണ്ടെങ്കില്‍ ദുരന്തനിവാരണ വകുപ്പില്‍ പരാതി അറിയിക്കാം.


രണ്ടാംഘട്ട കരടില്‍ രണ്ട് ലിസ്റ്റുകളുണ്ടാകും. വാസയോഗ്യമല്ലാത്ത (നോ ഗോ സോണ്‍) ഇടങ്ങളിലായിട്ടും നിലവിലെ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവരെ എ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കും. വീട് വാസയോഗ്യമായ (ഗോ സോണ്‍) സ്ഥലത്താണെങ്കിലും എത്തിപ്പെടാനുള്ള വഴി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലൂടെ ആണെങ്കില്‍ അവരെ ബി പട്ടികയില്‍ ഉള്‍പ്പെടുത്തും. ടൗണ്‍ഷിപ്പില്‍ താല്‍പ്പര്യമില്ലാത്ത പട്ടികയിലുള്ള കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button