ഐഫോണും ആൻഡ്രോയ്‌ഡും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! അബദ്ധത്തിൽ പോലും ഈ പിഡിഎഫ് ഫയലുകൾ തുറക്കരുത്
ഐഫോൺ, ആൻഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സൈബർ കുറ്റവാളികൾ സ്മാര്‍ട്ട്‌ഫോണുകളെ ലക്ഷ്യമിടുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ. സമീപകാല മുന്നറിയിപ്പ് അനുസരിച്ച്, അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വരുന്ന പിഡിഎഫ് ഫയലുകൾ തുറക്കുന്നത് ഉപയോക്താക്കൾ ഒഴിവാക്കണം. കാരണം അവയിൽ നിങ്ങളുടെ ഡാറ്റയും ക്രെഡൻഷ്യലുകളും മോഷ്ടിക്കാൻ കഴിയുന്ന വൈറസുകളും ദോഷകരമായ ലിങ്കുകളും അടങ്ങിയിരിക്കാം. പരമ്പരാഗത സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്ന പിഡിഎഫ് ഫയലുകൾ ഇപ്പോൾ ഹാക്കർമാർ സൃഷ്ടിക്കുന്നുണ്ടെന്ന് സ്ലാബ്‍സ് (zLabs) ടീം പ്രസിദ്ധീകരിച്ച സിമ്പീരിയം (Zimperium) മുന്നറിയിപ്പ് നൽകി.
ഈ ഫയലുകളിൽ ഹാനികരമായ ലിങ്കുകൾ മറഞ്ഞിരിക്കുന്നു. ഇത് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കും. ഫോർബ്‍സിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 20ൽ അധികം പ്രശ്‍നബാധിതമായ പിഡിഎഫ് ഫയലുകളും 630 ഫിഷിംഗ് പേജുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സൈബർ ക്രിമിനൽ നെറ്റ്‌വർക്ക് 50ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഈ ആക്രമണം എങ്ങനെ?
യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റൽ സർവീസ് (യുഎസ്‌പിഎസ്) പോലുള്ള പ്രശസ്‍തമായ ഓർഗനൈസേഷനുകളിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾ എന്ന വ്യാജേന മാൽവെയർ നിറഞ്ഞ പിഡിഎഫ് ഫയലുകൾ ഹാക്കർമാർ അയക്കുന്നു. ഈ ഫയലുകൾ ബാങ്കുകളിൽ നിന്നോ ഡെലിവറി സേവനങ്ങളിൽ നിന്നോ, മറ്റേതെങ്കിലും അറിയപ്പെടുന്ന ബ്രാൻഡുകളുടെ പേരിലോ വന്നേക്കാം. ഈ ഫയലുകളിൽ ഹാനികരമായ ലിങ്കുകൾ അടങ്ങിയിരിക്കുന്നു. ഇവയെ മറയ്ക്കാൻ ഹാക്കർമാർ പ്രത്യേക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. അതിനാൽ അവ പരമ്പരാഗത സുരക്ഷാ സോഫ്‌റ്റ്‌വെയറുകൾക്ക് പ്രശ്നം കണ്ടെത്താൻ സാധിക്കില്ല. ചെറിയ വലിപ്പത്തിലുള്ള മൊബൈൽ സ്‌ക്രീനുകളും സുരക്ഷാ സോഫ്‌റ്റ്‌വെയറിന്‍റെ ശക്തിക്കുറവും കാരണം, ഉപയോക്താക്കൾക്ക് ഈ ഫയലുകൾ തുറക്കുന്നതിന് മുമ്പ് അവ ശരിയായി പരിശോധിക്കാൻ കഴിയില്ല. ഇതാണ് ഈ അപകടം കൂടുതൽ വർധിക്കാൻ കാരണം.
സ്വയം എങ്ങനെ സുരക്ഷിതമാകാം?
അജ്ഞാതമായ പിഡിഎഫ് ഫയലുകൾ ഒഴിവാക്കുക: ഏതെങ്കിലും അജ്ഞാത ഉറവിടത്തിൽ നിന്ന് ലഭിച്ച ഒരു പിഡിഎഫ് ഫയലും തുറക്കരുത്, പ്രത്യേകിച്ചും അത് നിങ്ങൾക്ക് ഒരു സന്ദർഭവുമില്ലാതെ അയച്ചാൽ.
സുരക്ഷാ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കുക: ഫയൽ തുറക്കുന്നതിന് മുമ്പ് വിശ്വസനീയമായ സുരക്ഷാ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സ്‌കാൻ ചെയ്യുക.
അജ്ഞാത ലിങ്കുകൾ ശ്രദ്ധിക്കുക: അജ്ഞാത നമ്പറുകളിൽ നിന്നോ മെയിലുകളിൽ നിന്നോ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, കാരണം ഹാക്കർമാർ പലപ്പോഴും ഈ ലിങ്കുകൾ അടിയന്തിരമോ ഔദ്യോഗികമോ ആണെന്ന നാട്യത്തിൽ അയക്കുന്നു.
നിങ്ങളുടെ സോഫ്‌റ്റ്‌വെയർ അപ് ടു ഡേറ്റ് ആക്കി നിലനിർത്തുക: നിങ്ങളുടെ ഉപകരണത്തിന്‍റെ സോഫ്‌റ്റ്‌വെയർ എപ്പോഴും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുക. അതിലൂടെ സുരക്ഷ കരുത്തുറ്റതാക്കാം.