ജില്ലാ കോടതി കെട്ടിട സമുച്ചയം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം
ദ്വിശതാബ്ദി പിന്നിട്ട തലശ്ശേരി ജില്ലാ കോടതിക്ക് പുതിയ എട്ടുനില കെട്ടിടസമുച്ചയം. നിലവിലുള്ള കോടതിവളപ്പിൽ കിഫ്ബിയിൽ നിന്നുള്ള 56 കോടി രൂപ ചെലവഴിച്ചാണ് ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ 136 മുറികളുണ്ട്.
ദേശീയപാതയിൽ അറബിക്കടലിന് അഭിമുഖമായി നിർമിച്ച മനോഹരമായ കെട്ടിട സമുച്ചയം 25-ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 10 കോടതികളുടെ പ്രവർത്തനോദ്ഘാടനം ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ നിർവഹിക്കും.
സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, ഷാഫി പറമ്പിൽ എംപി, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, എ.കെ. ജയകൃഷ്ണൻ നമ്പ്യാർ, ടി.ആർ. രവി, കൗസർ എടപ്പകത്ത്, സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ജില്ലാ കോടതിയുടെ കെട്ടിട ഉദ്ഘാടന ഭാഗമായി തലശ്ശേരിയിൽ 25-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ പാതയിൽ വീനസ് ജങ്‌ഷൻ മുതൽ തലശ്ശേരി ടൗൺ വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നിയന്ത്രണം.
കണ്ണൂർ-മമ്പറം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും വീനസ് കവലയിൽ നിന്ന് ഇടത്തോട്ട് മാറി കുയ്യാലി വഴി ടൗണിലേക്ക് പ്രവേശിക്കണം.
മമ്പറം-പിണറായി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ അല്ലാത്ത മുഴുവൻ വാഹനങ്ങളും കൊളശ്ശേരി കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.
പാറക്കെട്ട്- പെരുന്താറ്റിൽ ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊളശ്ശേരി കവലയിൽ നിന്ന് കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.
തലശ്ശേരി നഗരത്തിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും പതിവ് പോലെ കോടതി വീനസ് കവല വഴി കണ്ണൂരിലേക്ക് പോകണം. ഇതുവഴി വൺവേ ഗതാഗതമാണ്.
25-ന് രാവിലെ എട്ട് മുതൽ കോടതിയുടെ ഉദ്ഘാടനം കഴിയും വരെ നിയന്ത്രണം തുടരും. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മുഴുവൻ ലോറികളും ടൂറിസ്റ്റ് ബസുകളും അന്നേ ദിവസം തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് വഴി കടന്ന് പോകണമെന്നും ട്രാഫിക് എസ് ഐ മനോജ് കുമാർ അറിയിച്ചു.