24 വയസ്സേ ഉള്ളൂ, പഠിക്കാന്‍ മിടുക്കിയാണ്, ശിക്ഷയില്‍ ഇളവു വേണം’; ഗ്രീഷ്മ കോടതിയില്‍, ശിക്ഷാ വിധി മറ്റന്നാള്‍

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി 20ന്. ശിക്ഷയിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്കുശേഷമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. ഗ്രീഷ്മയ്ക്ക് ചെകുന്താന്റെ ചിന്തയാണെന്നും സ്‌നേഹം നടിച്ചാണു കൃത്യം ചെയ്തതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ അനുവദിച്ചില്ലെന്നും ഇതോടെയാണ് കൊലയ്ക്കു നിർബന്ധിതയായതെന്നും പ്രതിഭാഗം വാദിച്ചു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ ആരോപണമുയർത്തി.
രാവിലെ 11ഓടെയാണ് കോടതിയിൽ അന്തിമവാദം ആരംഭിച്ചത്. ശിക്ഷയെപ്പറ്റി വല്ലതും പറയാനുണ്ടോയെന്ന് ചോദിച്ച് ഗ്രീഷ്മയെ കോടതി ചേംബറിന് അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളത് ഗ്രീഷ്മ എഴുതിനൽകി. ഗ്രീഷ്മ എഴുതിനൽകിയത് ജഡ്ജി എ.എം ബഷീർ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിയോട് ജഡ്ജി ചോദിച്ചറിഞ്ഞു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ജഡ്ജിക്കു കൈമാറിയ ഗ്രീഷ്മ തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നും പരമാവധി ഇളവുകൾ നൽകണമെന്നും അഭ്യർഥിച്ചു