വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിന് ദാരുണാന്ത്യം
കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. റിസര്‍വ് വനത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചതെന്ന് വനം വകുപ്പ് വ്യക്തമാക്കി.
പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു.
റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴി രാത്രി 7.30ഓടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്. കര്‍ണാടക സ്വദേശി ആണെങ്കിലും ആദിവാസി വിഭാഗത്തില്‍ പെടുന്ന വ്യക്തിയായതിനാല്‍ നാളെ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
അതേസമയം, അതിരപ്പിള്ളി പിള്ളപ്പാറയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ചാലക്കുടി സ്വദേശി ബാബു പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഭൂമിയിലെ വാഴകളും കപ്പയും കാട്ടാന നശിപ്പിച്ചു. ഇതോടെ കൃഷി തന്നെ അവസാനിപ്പിക്കുകയാണെന്ന് ബാബു പറഞ്ഞു. ഇന്ന് രാവിലെയും വൈകുന്നേരവും ആണ് കാട്ടാന കൃഷിയിടത്തില്‍ എത്തിയത്. ഒരു വര്‍ഷമുന്‍പാണ് നാലേക്കര്‍ ഭൂമി പാട്ടത്തിന് എടുത്ത് ചുറ്റും സോളാര്‍ വേലി ഇട്ട് കൃഷി ആരംഭിച്ചത്. വാഴയും കൊള്ളിയും പച്ചക്കറികളുംപറമ്പ് നിറയെ കൃഷി ആരംഭിച്ചു. ആരംഭം മുതല്‍ കുരങ്ങും മയിലും പന്നിയും കൃഷിക്ക് വെല്ലുവിളി ആയെങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് കൃഷി വിളവെടുക്കാന്‍ ആയതിനിടയിലാണ് കാട്ടാന ആക്രമണം ഇപ്പോള്‍ ഉണ്ടായത്. ബാബുവിന്റെ സോളാര്‍ വേലി തകര്‍ത്താണ് കാട്ടാന കൃഷി നശിപ്പിക്കുന്നത്.