
കണ്ണൂർ : അബുദാബിയിൽനിന്ന് നാട്ടിലെത്തിയ വയനാട് സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ചതിനുപിറകെ മറ്റൊരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. വിദേശത്ത് നിന്നെത്തിയ പാനൂർ സ്വദേശിയെയും സംശയത്തെത്തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലാക്കി. ഇദ്ദേഹത്തിന്റെ സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷമേ സ്ഥിരീകരിക്കൂ. എം പോക്സിന് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ ലക്ഷണങ്ങളുണ്ടായാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ചികിത്സ തേടണം. ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം.



