kannur

പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

പരമാവധി സൗജന്യമായി ചികിത്സ നൽകുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി വീണ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിനു മുന്നിൽ ആരും നിസ്സഹായരായി പോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗാതുരത കുറയ്ക്കുന്നതിന് ആയുർവേദ മേഖലയിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷനായ എം വിജിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഒരുപാട് കാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആശുപത്രിയാണ് പരിയാരത്ത് ഒരുങ്ങുന്നത്. നാഷണൽ ആയുഷ് മിഷൻ്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണടവിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് നിർമ്മിക്കുക.

പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും. 7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി മുഖ്യാതിഥിയായി. കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, വാർഡ് മെമ്പർ വി എ കോമളവല്ലി, പ്രിൻസിപ്പൽ ഡോ. വി കെ സുനിത, ആശുപത്രി സൂപ്രണ്ട് ഡോ കെ ഗംഗാധരൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ കെ സി അജിത് കുമാർ, എച്ച് ഡി എസ് മെമ്പർമാരായ പി പി ദാമോദരൻ, കെ പി ജനാർദനൻ, കെ വി ബാബു, ടി രാജൻ, പി പി ദിവാകരൻ, കെ ഗോപാലൻ, ജോസ് പള്ളിപ്പറമ്പിൽ, അലുമ്നി അസോസിയേഷൻ അംഗം ഡോ എൻ ജയേഷ്, പി ടി എ പ്രസിഡൻറ് എ എ മാത്യു, എകെജിഎസിഎഎസ് സെക്രട്ടറി ഡോ സി ജെനിൻജിത്, കെ ഉണ്ണികൃഷ്ണ‌ൻ, സി ടി സ്മിത, കോളേജ് യൂണിയൻ പ്രതിനിധിമുഹമ്മദ് ഷംലീഖ്, ഡോ കെ വി ശരവണൻ, ഡോ എസ് എ ലക്ഷ്‌മി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button