ആദിവാസിയായ യുവാവിനെ കാറില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവം: രണ്ട് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി
കല്‍പ്പറ്റ: കൂടല്‍ക്കടവില്‍ ആദിവാസിയെ റോഡിലൂടെ കാറില്‍ കുടുക്കി വലിച്ചിഴച്ച സംഭവത്തില്‍ പുതിയ നീക്കവുമായി പൊലീസ്. ആദിവാസി യുവാവായ മാതനെ കാറില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്.
നാല് പ്രതികളില്‍ രണ്ടു പേരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. വയനാട് കണിയാമ്പറ്റക്കടുത്ത പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്‍ഷിദ്, അഭിരാം എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് ബസില്‍ വരുമ്പോഴാണ് കല്‍പ്പറ്റയില്‍ വച്ച് ഇവരെ പൊലീസ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഒളിവില്‍ കഴിയുന്നത് പനമരം താഴെപുനത്തില്‍ ടി.പി.നബീല്‍ കമര്‍ (25),പനമരം കുന്നുമ്മല്‍ വീട്ടില്‍ കെ.വിഷ്ണു എന്നിവരാണ്. ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ മാനന്തവാടി പൊലീസ് സ്റ്റേഷന്‍, ഫോണ്‍-04935 240232, മാനന്തവാടി എസ്.എച്ച്.ഒ-9497987199, മാനന്തവാടി സബ് ഇന്‍സ്പെക്ടര്‍- 949780816. എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണെന്നാണ് പൊലീസ് നല്‍കുന്ന അറിയിപ്പ്.
സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി തപേഷ് ബസുമതാരി മാനന്തവാടിയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. വയനാട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മാതനെ പട്ടിക വര്‍ഗക്ഷേമ മന്ത്രി ഒ.ആര്‍.കേളു സന്ദര്‍ശിച്ചു. തന്നെ ആക്രമിച്ചവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാതന്‍ വ്യക്തമാക്കി.