ഹൈറിച്ച് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് മൂന്നു പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്. ഓൺലൈൻ ബിസിനസ്സിലൂടെ കോടികൾ തട്ടിയെടുത്ത ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്കെതിരെ മൂന്നു പരാതികളിൽ കോടതി നിർദേശപ്രകാരം ഹൊസ്‌ദുർഗ് പോലീസ് കേസെടുത്തു ഏച്ചിക്കാനം സ്വദേശിയു. മനോജ് കുമാർ കാഞ്ഞിരപൊയിൽ സ്വദേശി കെ.സുരേന്ദ്രൻ, ഏച്ചിക്കാനം അമ്പലത്തുകര യിലെ വിവി പ്രജിത്ത് എന്നിവരുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് കോടതിയുടെ നിർദേശപ്രകാരം തൃശൂർ കണിയ മംഗലത്തെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. കോലാട്ട് ദാസൻ പ്രതാപൻ, സി.ഇ. ഒ. ശ്രീന പ്രതാപൻ, കാഞ്ഞിരപൊയിലിലെ മടിക്കാനം വീട്ടിൽ വിജിത സുനിൽ, മടിക്കാനം വീട്ടിൽ സി. സുനിൽകുമാർ,എന്നിവർക്കെതിരെ കേസെടുത്തത്.
വൻ ലാഭവിഹിതം വാഗ്‌ദാനം നൽകി പരാതിക്കാരനായ മനോജ് കുമാറിൽ നിന്നും 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ വിവിധ സ്കീമുകളിലായി 6, 50,000 രൂപ നിക്ഷേപമായി സ്വീകരിക്കുകയും പരാതിക്കാരനായ കെ. സുരേന്ദ്രനിൽ നിന്നും പ്രതികൾ 2023 സപ്‌തംബർ 18 മുതൽ നവമ്പർ 13 വരെയുള്ള കാലയളവിൽ 13, 90,000 രൂപ നിക്ഷേപമായി വാങ്ങുകയും പരാതിക്കാരനായ വി.വി. പ്രജിത്തിൽ നിന്നും 2023 സപ്തംബർ 5 ന് 5,00,000 രൂപ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്ത ശേഷം ലാഭവിഹിതമോ മുതലോ തിരിച്ചു നൽകാതെ നിക്ഷേപകരായ പരാതിക്കാരെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.