കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇൻഡ്യാ മുന്നണി ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇൻഡ്യാ മുന്നണി ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. പാർലമെന്റിന്റെ പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. എന്നാൽ സഭ ബഹിഷ്കരിക്കില്ല. സഭയിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കും.
ബജറ്റ് വിവേചനത്തിന്റെ പശ്ചാത്തലത്തിൽ നിതി ആയോഗ് യോഗവും ബഹിഷ്കരിക്കും. നീതി ആയോഗ് യോഗത്തിൽനിന്നും ഇൻഡ്യ സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. യോഗത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ, മറ്റു മുഖ്യമന്ത്രിമാരും ഈ മാതൃക സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.