കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 19.61 കിലോഗ്രാം കഞ്ചാവ് പിടിച്ചു

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 19.61 കിലോഗ്രാം കഞ്ചാവ് പിടിച്ചു. ശനിയാഴ്ച മൂന്നാം പ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്തുകയായിരുന്നു. ആർ.പി.എഫ്.- എക്സൈസ് പരിശോധനയിലാണ് പിടിച്ചത്.
പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടിവെച്ച നിലയിലായിരുന്നു. റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി. പരിശോധിച്ചിരുന്നു. പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 10 ലക്ഷം രൂപ വിലവരും. നവംബർ 29-ന് ഇതേ പ്ലാറ്റ്ഫോമിൽനിന്ന് ആളില്ലാത്ത നിലയിൽ ആറരക്കിലോ കഞ്ചാവ് പിടിച്ചിരുന്നു. ചാക്കിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
ആർ.പി.എഫ്. ഇൻസ്പെക്‌ടർ ജെ. വർഗീസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ, ആർ.പി.എഫ്.
എ.എസ്.ഐ.മാരായ വി.വി. സഞ്ജയ്കുമാർ, സജി അഗസ്റ്റിൻ, പി.എസ്. ഷിൽന, ഹെഡ് കോൺസ്റ്റബിൾമാരായ സി. രമിത, അബ്ദുൾ സത്താർ, സി.ടി. സോജൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, ഇന്റലിജൻസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷജിത്ത് കണ്ണിച്ചി, പ്രിവന്റ്റീവ് ഓഫീസർ സി. ജിതേഷ്, സിവിൽ എക്സൈസ് ഓഫീസർ പി. നിഖിൽ, ഡ്രൈവർ കെ. ഇസ്‌മായിൽ എന്നിവർ പരിശോധകസംഘത്തിലുണ്ടായിരുന്നു.