ഞാണിന്മേൽക്കളി: റോഡരികിലെ തോടിന് സുരക്ഷാ ഭിത്തിയില്ല; അപകടഭീഷണി

ഉരുവച്ചാൽ ∙റോഡരികിലെ തോടിന് സുരക്ഷാ ഭിത്തിയില്ലാത്തത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. ശിവപുരം – നടുവനാട് റോഡിൽ കരൂഞ്ഞിയിലാണ് അപകടാവസ്ഥ.റോഡ് പരിചയക്കുറവുള്ള വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാണ്. കുന്നിറക്കവും വളവും ഉള്ള സ്ഥലത്താണ് റോഡരികിൽ തോട് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് നിറയെ വെള്ളം ഒഴുകുന്ന തോടാണ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നു.
കുടക് ഇരിട്ടി മേഖലയിൽ നിന്ന് തലശ്ശേരിയിലേക്കും തലശ്ശേരി ഭാഗത്ത് നിന്ന് ഉരുവച്ചാൽ വഴി ശിവപുരം നടുവനാട് റോഡിലൂടെ ഇരിട്ടി കുടകിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡായതിനാൽ വാഹനത്തിരക്കും ഏറി വരികയാണ്. ദീർഘദൂര വാഹന യാത്രക്കാർ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുമ്പോൾ റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ കയറ്റവും ഇറക്കവും വളവും ഉള്ള സ്ഥലത്തെ റോഡരികിൽ തോട് ഉള്ള കാര്യം പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. ഉടൻ തന്നെ തോടിന് കൈവരിയോ സംരക്ഷണ ഭിത്തിയോ സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.