തിരുവനന്തപുരം

ആശുപത്രിയിലെ വൈദ്യുതി തടസം: ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളെ പഴിച്ച് കെഎസ്ഇബി; നാണക്കേടിൽ ആരോഗ്യവകുപ്പ്

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറിൽ ഉത്തരവാദിത്വത്തിൽ നിന്ന് കയ്യൊഴിഞ്ഞ് വകുപ്പുകൾ. ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളാണ് വൈദ്യുതി നിലയ്ക്കാൻ കാരണമായതെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. സംഭവത്തിൽ ഡി എംഇ അന്വേഷണം തുടരുകയാണ്.

ജീവൻ വെച്ച് പന്താടിയുള്ള വീഴ്ചയിൽ ഉത്തരവാദിത്തമേൽക്കാൻ ആരുമില്ല. ഇന്നലെ രാത്രി നാല് മണിക്കൂറോളം നീണ്ട പ്രതിസന്ധി ഇന്ന് രാവിലെയോടെയാണ് പൂർണമായും ഒഴിഞ്ഞത്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. ചില അറ്റക്കുറ്റപ്പണികൾ ബാക്കിയുണ്ട്. വൈദ്യുതി തടസപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ഇന്നലെ ഉണ്ടായ പ്രതിസന്ധിക്ക് കാരണം ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗത്തിനുണ്ടായ വീഴ്ചയെന്നാണ് കെഎസ്ഇബി വാദം. ഇലക്ട്രിക് റൂം ഭൂമിക്കടിയിൽ ആയതിനാൽ ഈർപ്പം കൂടി ഉപകരണങ്ങൾ ക്ലാവ് പിടിക്കാൻ ഇടയായി. ആശുപത്രിക്ക് പുതുതായി കിട്ടിയ ജനറേറ്റർ കമ്മീഷൻ ചെയ്യാത്തതും പ്രതിസന്ധി കൂട്ടിയെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.

ആരോഗ്യമന്ത്രി പ്രഖ്യാപിച്ച സമഗ്ര സമിതി അന്വേഷണത്തിൽ ഡി എം ഇ വിവരശേഖരണം നടത്തി. ആരോഗ്യവകുപ്പിന് കനത്ത നാണക്കേട് ഉണ്ടായ സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന. എസ് എ ടി ആശുപത്രിയിൽ ഇന്നും പ്രതിഷേധമുണ്ടായി. കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button