kannur

അന്ന് ദിവ്യയുടെ ‘ഷോ’ പകർത്താൻ അനുവാദം; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വിലക്ക്; കണ്ണൂർ കളക്ടർക്കെതിരെ വിമർശനം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ പൊലീസ് തടഞ്ഞു. വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് മാദ്ധ്യമങ്ങളെ തടയാനുള്ള നിർദേശം നൽകിയത്.

കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുവാദം ഇല്ലാതെ ജില്ലാ പഞ്ചായത്തിനുള്ളിലേക്ക് പ്രവേശിക്കാനോ തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാനോ പാടില്ലെന്നാണ് നിർദേശം.

രാവിലെ 11 മണിയോടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 24 പേരടങ്ങുന്ന ഭരണസമിതിയിൽ 17 എൽഡിഎഫ് അംഗങ്ങളും 7 യുഡിഎഫ് അംഗങ്ങളും അടങ്ങിയിരിക്കുന്നു. കെ കെ രത്‌നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ചാക്കോയാണ് യുഡിഎഫിന്റെ മത്സരാർത്ഥി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനു മുമ്പ് മാദ്ധ്യമപ്രവർത്തകർക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവേശിക്കാവുന്നതാണെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

എന്നാൽ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയപ്പ് യോഗം റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക മാദ്ധ്യമങ്ങൾക്ക് കളക്ടർ അനുവാദം നൽകിയിരുന്നു. സ്വകാര്യ പരിപാടിക്ക് അടക്കം മാദ്ധ്യമങ്ങളെ ക്ഷണിച്ചു വരുത്തിയ കളക്ടർ പൊതുപരിപാടി റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം

അതേസമയം വോട്ട് ചെയ്യാനായി പി പി ദിവ്യ എത്തില്ലെന്നാണ് വിവരം. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമാണ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സിപിഎം നേതൃത്വം പി പി ദിവ്യയെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button