‘നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു’: പ്രിയങ്ക ഗാന്ധി
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കവെ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
സ്നേഹവും വാത്സല്യവും തിരികെ നൽകാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും പ്രതിനിധിയാകാനും അവസരം നൽകുമെന്നാണ് തന്‍റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ആളുകൾ വോട്ട് ചെയ്യുന്നത് നല്ല കാര്യമാണ്. ഭരണഘടന ജനങ്ങൾക്ക് നൽകിയ ഏറ്റവും വലിയ ശക്തി വോട്ട് ആണെന്നും അത് നന്നായി ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു. കൽപറ്റ സെന്‍റ് ജോസഫ് കോൺവെന്‍റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്. പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യൻ മൊകേരി (എൽ.ഡി.എഫ്), നവ്യ ഹരിദാസ് (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരാണ് വയനാട്ടിൽ ജനവിധി തേടുന്നത്.